തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കമിട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മണ്ഡലങ്ങളിലുടനീളം പേരുകൾ സംബന്ധിച്ച ഏകദേശ ധാരണ രൂപപ്പെടുമെന്നാണ് സൂചന. ഘടകകക്ഷികൾ കൈവശം വച്ചിരിക്കുന്ന ചില സീറ്റുകൾ ഏറ്റെടുക്കുന്നതും പ്രധാന അജണ്ടയായിരിക്കും.
മൂന്നാം തുടർച്ചയായ ഭരണമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. മുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കും. ജില്ലകളിൽ നിന്നെത്തിയ പ്രാഥമിക പട്ടികകളിൽ ഏകദേശം 90 ശതമാനം മണ്ഡലങ്ങളിലും ഒറ്റ പേരുകളാണ് പരിഗണനയ്ക്ക് വന്നിരിക്കുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പാനലുകളിൽ മാറ്റം ആവശ്യമായാൽ, നിർദ്ദേശങ്ങളോടെ സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ അയക്കും. തുടർന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ആയിരിക്കും അന്തിമ പട്ടികക്ക് മുദ്രവയ്ക്കുക.
പി.ബി അംഗം എ വിജയരാഘവനെയും കേന്ദ്രകമ്മിറ്റി അംഗം കെ കെ കെ കെ ശൈലജയും ഉൾപ്പെട്ട പേരുകൾ ചില ജില്ലാ പട്ടികകളിൽ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന്. അതിനാൽ ഇവരുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുക. മട്ടന്നൂർ സീറ്റ് ലഭിക്കാത്ത പക്ഷം മത്സരിക്കില്ലെന്ന നിലപാട് കെ കെ ശൈലജ നേതൃത്വം അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ കെ ശശീന്ദ്രന്റെ എലത്തൂർ ,ആൻറണി രാജു അയോഗ്യനായ തിരുവനന്തപുരം , ആർജെഡി -ജെഡിഎസ് തർക്കമുള്ള കോവളം എന്നീ സീറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉണ്ടാവും.






