ലാഹോർ: ഖമനേയിയുടെ വധത്തെ തുടർന്ന് പാകിസ്ഥാനിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 22 ആയി ഉയർന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അറിയിച്ചു. 200 ലധികം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. എന്നാൽ 32 പേർ മരിച്ചതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഖമനേയിയുടെ ചിത്രങ്ങളുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാർ ലാഹോർ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തി. കറാച്ചിയിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ തുടരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. യുഎസ് കോൺസുലേറ്റ് നേരെയുണ്ടായ ആക്രമണത്തിൽ ബാരിക്കേഡുകൾ തകർത്തു അകത്തുകയറി പ്രതിഷേധക്കാർ ജനാലകൾ തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.
ഇന്നലെ കോൺസുലേറ്റിനകത്തുണ്ടായിരുന്ന സുരക്ഷാസേന പ്രതിഷേധക്കാരെ ചിതറിക്കാൻ വെടിയുതിർത്തെന്നും റിപ്പോർട്ടുകളുണ്ട്. സംഭവവികാസങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വിഷയത്തിൽ പൊലീസ് അധികൃതരോട് സർക്കാർ വിശദീകരണം തേടിയതായി അറിയുന്നു. കറാച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.






