കൊല്‍ക്കത്ത: 2026-ലെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യയില്‍ ഇത് ഭാഗികമായി മാത്രമേ ദൃശ്യമാകൂ. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (IST) അനുസരിച്ച് ഉച്ചയ്ക്ക് 3:20-നാണ് ഭാഗിക ഗ്രഹണം ആരംഭിക്കുന്നത്. വൈകുന്നേരം 4:34 മുതല്‍ 5:32 വരെയാണ് ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലിലാകുന്ന ‘ടോട്ടാലിറ്റി’ ഘട്ടം. 58 മിനിറ്റോളം ഈ അവസ്ഥ നീണ്ടുനില്‍ക്കും. എന്നാല്‍ ഈ സമയത്ത് ഇന്ത്യയില്‍ ചന്ദ്രന്‍ ചക്രവാളത്തിന് താഴെയായതിനാല്‍ പൂര്‍ണ്ണ ഗ്രഹണം കാണാന്‍ സാധിക്കില്ല. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങള്‍ മാത്രമേ കാണാനാകൂ.
വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലകള്‍, ഓസ്ട്രേലിയ, പസഫിക് സമുദ്രം, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ഗ്രഹണം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ ദൃശ്യമാകുക. ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഉള്ളവര്‍ക്ക് ഗ്രഹണത്തിന്റെ അവസാന നിമിഷങ്ങള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കും. അതേസമയം, യൂറോപ്പിലും ആഫ്രിക്കയിലും ഇത്തവണ കാണാനാകില്ല.
സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി കൃത്യമായി വരുമ്പോഴാണ് സാധാരണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. പൂര്‍ണ്ണ ഗ്രഹണ സമയത്ത് ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാണെങ്കിലും പൂര്‍ണ്ണമായി ഇരുണ്ടുപോകില്ല. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം അപവര്‍ത്തനത്തിന് (Refraction) വിധേയമായി ചന്ദ്രനില്‍ പതിക്കുന്നു. പ്രകാശത്തിലെ ചുവപ്പ് നിറം മാത്രം ചന്ദ്രനില്‍ എത്തുന്നതിനാല്‍ ചന്ദ്രന്‍ രക്തവര്‍ണ്ണത്തില്‍ തിളങ്ങുന്നത് കൊണ്ടാണ് ശാസ്ത്രലോകം ‘ബ്ലഡ് മൂണ്‍’ എന്ന് വിളിക്കുന്നത്.






