വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മൊജ്താബ ഖമേനി നിയമിതനായതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാതെ ഇറാനിൽ ഒരു നേതാവും അധികകാലം അധികാരത്തിൽ തുടരാനാവില്ലെന്നാണ് ട്രംപ് പറഞ്ഞത്.
ഇറാന്റെ ഭാവി നേതൃത്വത്തെ തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് നിർണ്ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നേതാവിന് അമേരിക്കയുടെ അംഗീകാരം നേടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ അധികകാലം അധികാരത്തിൽ തുടരാൻ കഴിയില്ലെന്നും ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. ഓരോ അഞ്ച് മുതൽ പത്ത് വർഷം കൂടുമ്പോഴും ഇറാനിലേക്ക് സൈന്യം അയക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊജ്താബ ഖമേനിയെ ‘ലഘുവായ നേതാവ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനിന് സമാധാനവും ഐക്യവും കൊണ്ടുവരുന്ന പുതിയൊരു നേതാവാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.






