കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച കേസിൽ വൻ വഴിത്തിരിവ്. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചിരുന്ന ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു.
ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തി. നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെയാണ് കേസിലെ പ്രതിയെന്ന് കരുതി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.
മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് അനിൽകുമാറിന്റെ ബന്ധുക്കളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്തപ്പോഴാണ് മൃതദേഹം അനിൽകുമാറുടേതാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 23-നാണ് പുനലൂർ-മൂവാറ്റുപുഴ ഹൈവേയോടു ചേർന്ന ആളുകേറാമലയിൽ നെഞ്ചിൽ കുത്തേറ്റും മുഖം കത്തിച്ച നിലയിലും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം; അനിൽകുമാർ ആത്മഹത്യ ചെയ്തതാണോ എന്ന സംശയവും ഉയരുന്നുണ്ട്.






