കൊല്ലം: കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് തന്നെ അറിയിക്കുകയോ ഔദ്യോഗികമായി ക്ഷണിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ലോക്‌സഭാ സ്പീക്കർക്കും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റിക്കും കൊടിക്കുന്നിൽ സുരേഷ് പരാതി നൽകി. തന്റെ മണ്ഡലമായ മാവേലിക്കരയിൽ നടക്കുന്ന പ്രധാന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെയും പാർലമെന്ററി രീതികളുടെയും ഗുരുതരമായ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.
എൻഎച്ച്പിസി ലിമിറ്റഡ് നടപ്പിലാക്കിയ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതി കൊല്ലം വെസ്റ്റ് കല്ലടയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പദ്ധതി മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്. ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെച്ചൊല്ലിയ വിവാദം തുടരുന്നതിനിടെയാണ് കൊടിക്കുന്നിൽ സുരേഷ് എംപിയും പരാതിയുമായി രംഗത്തെത്തിയത്.






