തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ ഉയർന്ന ആരോപണങ്ങൾ തള്ളി മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. ഈ പരാതി തനിക്കെതിരെ ഒരുക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ ഒരു പോലീസ് സ്റ്റേഷനിലും പോയിട്ടില്ലെന്നും ആരുടെയും സാമ്പത്തിക തർക്കങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി. 2024-ൽ തുമ്പ പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നത്തിൽ താൻ മധ്യസ്ഥത വഹിച്ചു എന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പോറ്റിയുടെ പരാതിയിൽ പറയുന്ന പ്രതിഭ എന്ന സ്ത്രീയെ കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോൾ മാത്രമാണ് ആരാണെന്ന് മനസ്സിലായതെന്നും കടകംപള്ളി പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിന് സമീപമുള്ള ആറ്റിൻ കുഴിയിൽ സ്കൂൾ നടത്തിയിരുന്ന ആളാണെന്ന് മാത്രമാണ് പിന്നീട് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
തുമ്പ പോലീസ് സ്റ്റേഷനിലെ കെട്ടിട ഉദ്ഘാടനം നടന്നപ്പോൾ സ്ഥലം എംഎൽഎയായ നിലയിൽ ശിലാഫലകം അനാച്ഛാദനം ചെയ്യാനാണ് അവിടെ പോയതെന്നും അതൊഴികെ സ്റ്റേഷനുമായി മറ്റ് ബന്ധമില്ലെന്നും കടകംപള്ളി പറഞ്ഞു. 2024-ൽ ഇത്തരമൊരു ഒത്തുതീർപ്പ് നടന്നിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ചില ചാനലുകൾ നടത്തിയ അഭിപ്രായ സർവേയിൽ എൽഡിഎഫിനും തനിക്കും മുൻതൂക്കം ലഭിച്ചതിനാൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായിരിക്കാം ഈ പരാതിയെന്നും കടകംപള്ളി ആരോപിച്ചു. ആരാണ് ഇതിന് പിന്നിലെന്ന് പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റി കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.




