ബെയ്റൂട്ട്: ലെബനന്റെ തെക്കൻ മേഖലകളിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. കഴിഞ്ഞ മണിക്കൂറുകളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ നാലുപേർ കൂടി കൊല്ലപ്പെട്ടതായി ലെബനൻ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ബിന്റ് ജ്ബൈൽ ജില്ലയിലെ ദെയർ അക്തർ പട്ടണത്തിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടയർ നഗരത്തിലെ മഅറഖ ജംഗ്ഷനിലുള്ള നാലുനില കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് മറ്റ് രണ്ടുപേർ കൂടി മരിച്ചത്. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ഇതിന് മുൻപ് ടയർ ജില്ലയിലെ ബുർജ് ഷമാലിയിലുണ്ടായ ആക്രമണത്തിൽ ഒരു അമ്മയും അവരുടെ മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു. അതേസമയം ബാൽബെക്ക് ജില്ലയിലെ ഷാത്ത് പട്ടണത്തിൽ ഇസ്രയേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ എട്ടുപേരും മരിച്ചതായി റിപ്പോർട്ടുണ്ട്.
ഫെബ്രുവരി 28 മുതൽ ലെബനനിൽ ഇസ്രയേൽ തുടരുന്ന സൈനിക നടപടികളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 634 ആയി ഉയർന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിർത്തി ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമായതോടെ പ്രദേശത്ത് ഗുരുതരമായ മാനുഷിക പ്രതിസന്ധി നിലനിൽക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.






