ചെന്നൈ: തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹന്‍ അറുമുഖവും റാപ്പര്‍ വേടനും നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. എക്സിലൂടെയാണ് പ്രതികരണം അറിയിച്ചത്.
ഗുരുതര ലൈംഗിക അതിക്രമ ആരോപണങ്ങൾ നേരിടുന്ന വ്യക്തികൾക്ക് മുൻ സർക്കാരുകൾ വേദിയൊരുക്കിയതുപോലെ ഇപ്പോഴത്തെ സർക്കാരും അതേ രീതിയിൽ മുന്നോട്ട് പോകരുതെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചിന്മയി പറഞ്ഞു. വേടനുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉയർത്തിയത്.
കോവിഡ് കാലത്ത് വേടനുമായി ബന്ധപ്പെട്ട ഒരു സംഗീത പദ്ധതിയിൽ താനും പങ്കെടുത്തിരുന്നുവെന്നും, പിന്നീട് അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അറിഞ്ഞതോടെ ആ പദ്ധതി അവസാനിപ്പിച്ചതായും ചിന്മയി വ്യക്തമാക്കി. തുടർന്ന് നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടും വേടനുമായി ബന്ധപ്പെട്ട വേദികളിൽ പങ്കെടുക്കാൻ താൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു.
സമ്മതമില്ലാതെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന സാഹചര്യങ്ങളിൽ, ചിലർ സാമൂഹിക ആക്ടിവിസത്തെ മറവായി ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ചിന്മയി വിമർശിച്ചു. ഇത്തരം ആരോപണങ്ങൾ നേരിടുന്ന വ്യക്തികളെ പിന്തുണയ്ക്കുന്ന സാഹചര്യം സ്ത്രീകളെ ഒറ്റപ്പെടുത്തുന്നുവെന്നും, “ഹീറോ” എന്ന ഇമേജ് ഉപയോഗിച്ച് ചിലർ അവരുടെ തെറ്റുകൾ മറയ്ക്കുന്നുവെന്നും ചിന്മയി ശ്രീപാദ അഭിപ്രായപ്പെട്ടു.






