പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരിച്ചത്.
പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന സജീവ് കുമാറിനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം.
യാത്രാമധ്യേ ചുരത്തിൽ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണ് റോഡ് തടസ്സപ്പെട്ടതോടെ ആംബുലൻസ് ഏകദേശം ഒരു മണിക്കൂറോളം കുടുങ്ങി. ഇതോടെ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവിന്റെ നില അതീവ ഗുരുതരമായി മാറുകയായിരുന്നു. തുടർന്നാണ് മരണപ്പെട്ടത്.






