തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കും പോലീസിനും മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബം. കൊറ്റാമത്ത് കോടതിയുടെ ഉത്തരവിനെ തുടർന്ന് അഞ്ച് സെന്റ് സ്ഥലവും വീടും ഒഴിപ്പിക്കാൻ എത്തിയ സംഘത്തിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
65-കാരിയായ ഫ്ലോറൻസും മക്കളും ഉൾപ്പെടെ ഏഴ് അംഗങ്ങളാണ് വീട്ടിൽ താമസിക്കുന്നത്. ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ കുടുംബാംഗങ്ങൾ വീടിനുള്ളിൽ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതോടെ പാറശ്ശാല സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്സും ഇടപെട്ട് നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് മടങ്ങി.
27 വർഷങ്ങൾക്ക് മുമ്പ് ചികിത്സാ ആവശ്യത്തിനായി ഫ്ലോറൻസിന്റെ ഭർത്താവായ ജെയിംസ് തമിഴ്നാട് സ്വദേശിയും ധനകാര്യ സ്ഥാപന ഉടമയുമായ മോഹൻദാസിൽ നിന്ന് 1.60 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീടും സ്ഥലവും ഈടായി നൽകിയാണ് വായ്പ ലഭിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി 10 ലക്ഷം രൂപയോളം തിരിച്ചടച്ചതായാണ് കുടുംബത്തിന്റെ അവകാശവാദം.
പത്ത് വർഷം മുമ്പ് ജെയിംസ് മരിച്ചതിന് പിന്നാലെ വായ്പാ തുക സംബന്ധിച്ച തർക്കം കോടതിയിലെത്തുകയും മോഹൻദാസ് അനുകൂല വിധി നേടുകയും ചെയ്തു. കോടതി ഉത്തരവുമായി എത്തിയ മോഹൻദാസിന് 17 ലക്ഷം രൂപ നൽകാൻ തയ്യാറാണെന്ന് ജെയിംസിന്റെ മകൾ അറിയിച്ചെങ്കിലും അദ്ദേഹം പിന്മാറാൻ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
വീടും സ്ഥലവും ഒഴിയാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കുടുംബത്തിന്റെ അഭ്യർഥന കോടതി ഉദ്യോഗസ്ഥർ അംഗീകരിക്കാതിരുന്നതോടെയാണ് പ്രതിഷേധം കടുത്തത്. നിലവിൽ ജപ്തി നടപടി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും ഏത് നിമിഷവും വീട് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കുടുംബം കഴിയുന്നത്.






