കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. പ്രതികൾ ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടും ഇതുവരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രിയുടെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികളെ കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെഎസ്‍യുവും ആരോപിച്ചു. മന്ത്രിയെ കെഎസ്‍യു പ്രവർത്തകർ നേരിട്ട് ആക്രമിച്ചതിന് തെളിവില്ലെന്നും റെയിൽവേ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ഇത്തരമൊരു ആക്രമണം നടന്നിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.






