വടകര: മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് വടകരയിൽ പോസ്റ്ററുകൾ. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക”, “മുൻ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പാർട്ടി നേതാക്കളെ തിരിച്ചറിയുക” തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. “കോഴിക്കോട് എംപിക്ക് വടകരയിൽ എന്താ കാര്യം?” “ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക” എന്നിങ്ങനെയുള്ള ആരോപണങ്ങളും പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരുന്നു.
വടകര പഴയ സ്റ്റാൻഡ് പരിസരത്താണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചത്. സംഭവം വാർത്തയായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ പോസ്റ്ററുകൾ നീക്കം ചെയ്തു. അതേസമയം, പോസ്റ്റർ പതിപ്പുമായി യൂത്ത് കോൺഗ്രസിന് യാതൊരു ബന്ധവും ഇല്ലെന്ന് നേതാക്കൾ അറിയിച്ചു. രാഷ്ട്രീയ എതിരാളികൾ തയ്യാറാക്കിയ പോസ്റ്ററുകളാണിതെന്നാണ് നേതാക്കളുടെ ആരോപണം.






