ഉപ്പുതറ: വിളവെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പെയ്ത വേനൽമഴ കാപ്പി കർഷകർക്ക് ആശ്വാസമായി. ഈ വർഷം കാപ്പിച്ചെടികൾ നന്നായി പൂത്തു കായ്ക്കാൻ ആരംഭിച്ചതോടെ ഉത്പാദനം കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കഴിഞ്ഞ വർഷം വിളവെടുപ്പിനിടെ പെയ്ത മഴ കാരണം കുരു പറിക്കാനാകാതെ വലിയ നഷ്ടമുണ്ടായിരുന്നു. എന്നാൽ ഇത്തവണ വിളവെടുപ്പ് കഴിഞ്ഞ ശേഷമാണ് മഴ ലഭിച്ചതിനാൽ ചെടികൾ മികച്ച രീതിയിൽ പൂത്തിട്ടുണ്ട്. ഇനിയും ഒരു രണ്ടുമഴ കൂടി കിട്ടിയാൽ നല്ല വിളവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ കാപ്പിക്കുരുവിന് കിലോയ്ക്ക് 200 രൂപയ്ക്കു താഴെയാണ് വില. പുതിയ സീസണിൽ വില ഉയരുമെന്നും ഉത്പാദനം കൂടിയാൽ കർഷകർക്ക് ആശ്വാസമാകുമെന്നും പ്രതീക്ഷിക്കുന്നു. ഹൈറേഞ്ചിലെ കർഷകർക്ക് പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് കാപ്പി.






