കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി നടത്തിയ ചില പരാമർശങ്ങൾ നീക്കണമെന്നും എസ്ഐടി അപ്പീലിൽ ആവശ്യപ്പെട്ടു.
തന്ത്രിക്കെതിരെ തെളിവുകൾ ഇല്ലെന്ന വിചാരണക്കോടതിയുടെ നിരീക്ഷണം പൂർണമായും ഒഴിവാക്കണമെന്നും രണ്ട് കേസുകളിലുമായി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും എസ്ഐടി ആവശ്യപ്പെടുന്നു. കേസിൽ തന്ത്രിക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, ജാമ്യം ലഭിച്ച ശേഷം തന്ത്രി രാജീവർ കണ്ഠർ സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ശബരിമലയിൽ യുവതീപ്രവേശനത്തെ എതിർത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ അറസ്റ്റിന് പിന്നിലെന്നാണ് ജാമ്യാപേക്ഷയിൽ അദ്ദേഹം വാദിച്ചത്.
ആചാരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എതിർത്തതിനെ തുടർന്ന് ഭരണകക്ഷിയിലെയും പൊലീസിലെയും ചില ഉന്നതർക്കു തന്നെതിരെ വൈരാഗ്യമുണ്ടായിരുന്നുവെന്നും തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കൊള്ളക്കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന നിരീക്ഷണത്തെ അടിസ്ഥാനമാക്കി കൊല്ലം വിജിലൻസ് കോടതി മുമ്പ് ജാമ്യം അനുവദിച്ചിരുന്നു.






