തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ്. ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിക്കാൻ പോകുന്നത്. മാർച്ച് 10-ന് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനു ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
ബിനുവിന്റെ കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഈ അവയവങ്ങൾ നൽകും. ഹൃദയം ദാനം ചെയ്യാനും ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് സാധിച്ചില്ല.






