തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ച ‘കുഴി കുത്തി കഞ്ഞി നൽകൽ’ പരാമർശത്തിൽ മറുപടിയുമായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ രംഗത്തെത്തി. തന്റെ പ്രസ്താവനയെ ജാതിവിവേചനവുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും, അത് ബാല്യകാലത്തെ ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ ഓർമ്മകളിൽ ഒന്ന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വെറൈറ്റി മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കൃഷ്ണകുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഭാര്യ സിന്ധു കൃഷ്ണയുടെ വ്ലോഗിലൂടെയായിരുന്നു മുൻപ് ഈ വിവാദ പരാമർശം പുറത്തുവന്നത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്ന് പഴഞ്ചോറ് കഴിച്ചപ്പോൾ തോന്നിയ അനുഭവം പങ്കുവെക്കുന്നതിനിടെയാണ് പഴയകാലത്തെ കുഴി കുത്തി കഞ്ഞി കുടിക്കുന്ന രീതിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഇത് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു. പഴയകാലത്ത് വീട്ടിൽ കൃഷിപ്പണികൾക്കും മറ്റുമായി ആളുകൾ വരുമ്പോൾ ഇലയിൽ കഞ്ഞി വിളമ്പുന്നത് ഒഴുകിപ്പോകാതിരിക്കാനാണ് മണ്ണിൽ ചെറിയ കുഴിയുണ്ടാക്കി അതിൽ ഇല വെച്ച് നൽകിയിരുന്നത്. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ അത്രയധികം പാത്രങ്ങൾ ഇല്ലാതിരുന്നതിനാലാണ് ഇത്തരമൊരു രീതി പിന്തുടർന്നിരുന്നതെന്ന് അദ്ദേഹം ഓർമ്മിച്ചു.
ഈ വിഷയത്തിലേക്ക് ജാതി ആംഗിൾ കൊണ്ടുവന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. “ഞങ്ങളുടെ വീട്ടിൽ അന്ന് പണിയെടുത്തിരുന്ന വ്യക്തിയുടെ പേര് കരുണാകരൻ നായർ എന്നാണ്. അദ്ദേഹത്തിന്റെ കൊച്ചുമോൻ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇതിൽ എവിടെയാണ് ജാതി വരുന്നത്? ഒരു നറേറ്റീവ് ബിൽഡിംഗിന്റെ ഭാഗമായാണ് ഇതിലേക്ക് ജാതി വ്യവസ്ഥയൊക്കെ വലിച്ചിഴച്ചത്. ഓരോ കാലത്തും ഓരോ രീതികളുണ്ടാകും, അതിനെ മറ്റൊരു ആംഗിൾ കൊടുത്ത് വ്യാഖ്യാനിക്കുകയാണ് ഇവിടെ ഉണ്ടായത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
വിമർശകർക്കെതിരെ പരിഹാസരൂപേണയുള്ള മറുപടിയും കൃഷ്ണകുമാർ നൽകി. തന്റെ വീഡിയോ കട്ട് ചെയ്ത് പ്രചരിപ്പിച്ച് ആർക്കെങ്കിലും പണം സമ്പാദിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂവെന്നും, തന്നെ വിറ്റിട്ടാണെങ്കിലും ആരെങ്കിലും നാല് പൈസ ഉണ്ടാക്കട്ടെ എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ പൂർണ്ണമായി കാണുന്നവർക്ക് താൻ ഉദ്ദേശിച്ച കാര്യത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.






