ഇടുക്കി: തൊടുപുഴ നഗരസഭയിലെ ചില പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വീടുകളിലേക്ക് നേരിട്ട് വെള്ളമെത്തിച്ച് കൗൺസിലർ നിഷ സോമൻ. കുടിവെള്ളം നിറച്ച ടാങ്കുമായി പിക്കപ്പ് വാൻ സ്വയം ഓടിച്ചാണ് നിഷ സോമൻ ജനങ്ങളിലേക്ക് വെള്ളം എത്തിച്ചത്.
നിഷ സോമന്റെ വാർഡായ നടുക്കണ്ടം പ്രദേശത്തെ വിവിധ ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ജലവിഭവ വകുപ്പിന്റെ അധികൃതരെ നേരിട്ട് സമീപിച്ച് പരാതി അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് കൗൺസിലർ സ്വമേധയാ വെള്ളം എത്തിക്കാൻ മുന്നിട്ടിറങ്ങിയത്.
കെപിസിസി ജനറൽ സെക്രട്ടറിയും തൊടുപുഴ നഗരസഭ കൗൺസിലറുമായ നിഷ സോമന്റെ ഈ നടപടി നാട്ടുകാരിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.






