കണ്ണൂര്‍: പാര്‍ട്ടിക്കെതിരേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരേയും ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടികെ ഗോവിന്ദന്‍. പാര്‍ട്ടി വിട്ട അദ്ദേഹം തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറെന്ന് അറിയിച്ചു. എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് ടികെ ഗോവിന്ദനെ ചൊടിപ്പിച്ചത്. യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.
മൂന്നുതവണ എംഎല്‍എയായിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരിത്തുന്നത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍ മാഷോട് പറഞ്ഞു. ശക്തമായി എതിര്‍ത്തു. രൂക്ഷമായ വിമര്‍ശനം ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നു. മണ്ഡലം കമ്മിറ്റിയില്‍ മൂന്നുപേര്‍ ഒഴികെ മുഴുവന്‍ പേരും വിമര്‍ശനമുയര്‍ത്തി. എം വി ഗോവിന്ദനെ ഇരുത്തിയാണ് വിമര്‍ശിച്ചത്. പാര്‍ട്ടിക്കകത്ത് എല്ലാം പറഞ്ഞു. ഒരാളും മാറ്റം വരുത്താന്‍ തയ്യാറായില്ല. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം. അല്ലെങ്കില്‍ പുറത്തുപോകണം- ടികെ ഗോവിന്ദന്‍ തുറന്നടിച്ചു.






