അബുദാബി: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കടുപ്പിക്കുകയാണ് യുഎഇ. അപകടസ്ഥലങ്ങളുടെയോ സുരക്ഷാ നീക്കങ്ങളുടെയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും യുഎഇ അധികൃതര്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 45 പേരെ കഴിഞ്ഞ ദിവസം അബുദാബി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്തുകൊണ്ട് കര്‍ശനമാക്കുന്നു?
അപകടസ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് വെറുമൊരു വിനോദമല്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കാരണങ്ങള്‍ ഇതൊക്കെ
നിസ്സാരമെന്ന് കരുതി എടുക്കുന്ന ഒരു ഫോട്ടോയില്‍ അടുത്തുള്ള റോഡുകള്‍, കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങള്‍, എക്‌സിറ്റുകള്‍ എന്നിവ വ്യക്തമായേക്കാം. ഇത് എതിരാളികള്‍ക്ക് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായകമാകും.
അപകടസ്ഥലങ്ങളില്‍ ആളുകള്‍ തടിച്ചുകൂടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കങ്ങളെയും തടസ്സപ്പെടുത്തും.
തത്സമയ വീഡിയോകള്‍ പങ്കുവെക്കുന്നതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന വിവരം പുറത്തറിയാന്‍ കാരണമാകും.
തെറ്റായതോ സ്ഥിരീകരിക്കാത്തതോ ആയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളില്‍ അനാവശ്യ ഭീതിയുണ്ടാക്കാന്‍ കാരണമാകും.
വാട്ട്സ്ആപ്പ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയോ വരുന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക
രഹസ്യസ്വഭാവമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയമലംഘനമാണെന്ന് തിരിച്ചറിയുക. പിടിക്കപ്പെട്ടാല്‍ ഏത് രാജ്യക്കാര്‍ ആണെങ്കിലും കനത്ത നടപടികള്‍ നേരിടേണ്ടി വരും.




