കാഞ്ഞിരപ്പള്ളി : കേരളത്തെ നടുക്കിയ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനക്കേസിൽ നിർണ്ണായക നീക്കവുമായി സി.ബി.ഐ. കേസ് അന്വേഷണം തുടരുന്നതിന്റെ ഭാഗമായി എരുമേലി പൊതുമരാമത്ത് വകുപ്പ് അതിഥിമന്ദിരത്തിൽ സി.ബി.ഐ പ്രത്യേക ഓഫീസ് തുറക്കുന്നു. ഇതിനായി അനുവദിച്ച രണ്ട് മുറികളുടെ താക്കോൽ തിങ്കളാഴ്ച വൈകീട്ട് അധികൃതർ കൈമാറി. രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കും. മാർച്ച് ഒമ്പതിനാണ് ഓഫീസ് സജ്ജമാക്കാൻ സർക്കാർ ഉത്തരവായത്.
ജെസ്‌നയെ കാണാതായിട്ട് ഈ മാസം 22-ന് എട്ട് വർഷം തികയുകയാണ്. 2018 മാർച്ച് 22-നാണ് കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമനിക്സ് കോളജ് വിദ്യാർത്ഥിനിയായ ജെസ്‌നയെ കൊല്ലമുളയിലെ വീട്ടിൽ നിന്നും കാണാതാകുന്നത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ ജെസ്‌നയെ എരുമേലി വരെ എത്തിയതായി വിവരമുണ്ടെങ്കിലും പിന്നീട് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും വർഷങ്ങളോളം അന്വേഷിച്ച ശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
നേരത്തെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അന്വേഷണം നടക്കാത്ത ചില മേഖലകൾ ചൂണ്ടിക്കാട്ടി ജെസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചതോടെയാണ് പുനരന്വേഷണത്തിന് വഴിതെളിഞ്ഞത്. എരുമേലി കേന്ദ്രീകരിച്ച് ഓഫീസ് തുറക്കുന്നതോടെ നിർണ്ണായകമായ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ സംഘം.






