കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ സാക്ഷിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജയസൂര്യ പ്രതിയല്ല. അന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്തുകൾ ഇഡി മരവിപ്പിച്ചിരുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായിരുന്ന ജയസൂര്യയുടെ അക്കൗണ്ടിലേക്ക് കരാറിനേക്കാൾ അധികം തുക എത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സേവ് ബോക്സ് ഡോട്ട് ഇൻ എന്ന സ്റ്റാർട്ടപ്പ് കമ്പനി രൂപീകരിച്ച് നിക്ഷേപകരിൽ നിന്ന് പണം തട്ടിയ കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണം നടത്തിയത്. തട്ടിപ്പ് തുക വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. തൃശ്ശൂർ സ്വദേശി സ്വാതിക് റഹ്മാന്റെ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. അദ്ദേഹത്തിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ 90 ലക്ഷത്തിലധികം രൂപ എത്തിയതായി ഇഡി വ്യക്തമാക്കി.
ഈ തുക വേതനമാണെന്നായിരുന്നു ജയസൂര്യയുടെ വിശദീകരണം. എന്നാൽ കരാറിൽ പറയുന്നതിലധികം തുക ലഭിച്ചതായി കണ്ടെത്തിയതോടെ, അതിന് കൃത്യമായ രേഖകൾ നൽകാനാകാത്ത സാഹചര്യത്തിൽ 39 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വത്തുകൾ കണ്ടുകെട്ടി. കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ ഇഡി രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.






