ടെഹ്റാൻ: ഇസ്രായേലിന് വേണ്ടി ഇറാനിൽ ചാരപ്രവർത്തനം നടത്തിയതായി ആരോപിക്കപ്പെട്ട ഒരാളെ വധിച്ചതായി റിപ്പോർട്ട്. കൗറൂഷ് കീവാനി എന്നയാളെയാണ് ചാരപ്രവൃത്തി കുറ്റം ചുമത്തി ഇറാൻ ശിക്ഷിച്ചത്. ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ചാരപ്രവൃത്തി കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനിലെ അതിസുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും മൊസാദ് സംഘത്തിന് കൈമാറിയതായാണ് ഇയാൾക്കെതിരായ ആരോപണം. തുടർന്ന് പിടിയിലായ കൗറൂഷ് കീവാനിയെ ബുധനാഴ്ച വധിച്ചതായി ഇറാൻ ജുഡീഷ്യറി അറിയിച്ചു.
കഴിഞ്ഞ ജൂണിൽ 12 ദിവസം നീണ്ടുനിന്ന സംഘർഷത്തിനിടെയാണ് ഇയാൾ പിടിയിലായത്. മൊസാദുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളുടെ വിവരങ്ങൾ കണ്ടെത്തിയതായും ഇറാൻ അധികൃതർ വ്യക്തമാക്കി. ആറ് യൂറോപ്യൻ രാജ്യങ്ങളിലെയും ടെൽ അവീവിലെയും പരിശീലനം ഇയാൾക്ക് ലഭിച്ചതായും റിപ്പോർട്ടുണ്ട്.




