ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ഇറാൻ വ്യക്തമാക്കി. നിലവിലെ യുദ്ധം അവസാനിച്ചതിന് ശേഷം കടലിടുക്കിന്റെ നിയന്ത്രണത്തിൽ പുനഃക്രമീകരണം നടത്താനാണ് ലക്ഷ്യമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് അറിയിച്ചു.
യുഎസിനും ഇസ്രായേൽ നും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് വഴിയുള്ള ഗതാഗതത്തിൽ നിന്ന് തടയാനുള്ള ഇറാന്റെ നിലപാടും അദ്ദേഹം ന്യായീകരിച്ചു. “ഇത് ഇറാനോട് ചേർന്ന ജലപാതയാണ്. സ്വാഭാവികമായി ശത്രുക്കൾക്ക് ഈ പാത ഉപയോഗിക്കാൻ അനുവദിക്കില്ല. സുരക്ഷാഭീഷണി കാരണം നിരവധി കപ്പലുകൾ ഇതിനകം ഈ വഴി ഒഴിവാക്കുന്നുണ്ട്. യുദ്ധാനന്തരം പുതിയ പ്രോട്ടോക്കോൾ ആവശ്യമായിരിക്കും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാന്റെ താത്പര്യങ്ങൾ പരിഗണിച്ച് കർശന നിയന്ത്രണങ്ങളോടെ കപ്പൽ ഗതാഗതം ക്രമീകരിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിൽ ഒന്ന് സ്ട്രൈറ് ഓഫ് ഹോർമുസ് വഴിയാണ് നടക്കുന്നത്. അതിനാൽ ഇവിടെ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ഇറാന്റെ നീക്കം ആഗോളതലത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. യുദ്ധകാല സാഹചര്യം പ്രയോജനപ്പെടുത്തി ഹോർമുസിൽ സ്ഥിര സ്വാധീനം ഉറപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.






