കൊച്ചി: ട്വന്റി 20 പാർട്ടിക്ക് വീണ്ടും തിരിച്ചടി. ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടി വീണാ നായർക്കും വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തി. ഇതോടെ ആ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാർട്ടി. മുമ്പ് പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന ലക്ഷ്മിപ്രിയക്കും വോട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
ഈ സംഭവങ്ങൾ ട്വന്റി 20യുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് തിരിച്ചടിയായി. സീരിയൽ, ബിഗ്‌ബോസ് താരങ്ങളെ രംഗത്തിറക്കി മണ്ഡലങ്ങൾ പിടിക്കാനുള്ള നീക്കമാണ് ഇതോടെ താളം തെറ്റിയത്. ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെരുമ്പാവൂരിൽ നടത്താനിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കിയിരുന്നു. സ്ഥാനാർഥി പങ്കെടുക്കാൻ കഴിയാത്തതിനാൽ പകരം പദയാത്ര നടത്തി പ്രചാരണം അവസാനിപ്പിച്ചു. തുടർച്ചയായി സ്ഥാനാർഥികളുടെ പേരുകൾ വോട്ടർ പട്ടികയിൽ ഇല്ലാത്തത് പാർട്ടിക്ക് വലിയ പ്രതിസന്ധിയാകുകയാണ്.






