തൃശൂർ: വീൽച്ചെയറിനെ ജീവിതപരിധിയാക്കി കാണാതെ കായികരംഗത്ത് നേട്ടം കുറിക്കുന്ന ദമ്പതികളാണ് സാദിക്കും ഫസറാ ബാനുവും. ബാല്യത്തിൽ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട ഇരുവരും പിന്നീട് പഠനത്തിലും മുന്നേറി സാദിക്ക് ബി.കോം, ബാനു ബി.എ നേടി.
ഒരു വിവാഹച്ചടങ്ങിൽ പരിചയപ്പെട്ട ഇവർ സൗഹൃദത്തിലൂടെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തി. അഞ്ചുവർഷം മുൻപാണ് വീൽച്ചെയർ ബാസ്ക്കറ്റ്ബോളിൽ പരിശീലനം ആരംഭിച്ചത്. സംസ്ഥാന-ദേശീയ തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്ത ഇവർ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. 2023-ലെ ദേശീയ വനിതാ ചാമ്പ്യൻഷിപ്പിൽ ബാനു ഉൾപ്പെട്ട കേരള ടീം മൂന്നാം സ്ഥാനം നേടി. 2024-ൽ ഗ്വാളിയറിൽ നടന്ന വീൽച്ചെയർ റഗ്ബിയിൽ സാദിക്ക് അംഗമായ ടീം രണ്ടാം സ്ഥാനവും നേടി.
ഇപ്പോൾ സംസ്ഥാന ടീമംഗങ്ങളായ ഇരുവരും വിവിധ മത്സരങ്ങൾക്ക് തയ്യാറെടുക്കുകയാണ്. സ്വന്തമായി സ്പോർട്സ് വീൽച്ചെയർ ലഭിക്കാത്തതും ഒരു വെല്ലുവിളിയാണ്. തൃപ്രയാറിൽ മൊബൈൽ കടയും ട്രാവൽസും നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇവർക്ക് രണ്ട് മക്കളുമുണ്ട്.






