കോട്ടയം: ഏറ്റുമാനൂരില്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു തന്റെ വിശ്വാസമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. അതിനാല്‍ മണ്ഡലത്തില്‍ വലിയ തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്തിയിരുന്നത്. എന്നാല്‍ കാത്തിരുന്ന് കാത്തിരുന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ ജോസഫ് വാഴയ്ക്കന്‍ ലിസ്റ്റില്‍ നിന്ന് പുറത്ത്.
പ്രചാരണത്തിനായി ഒരു ലക്ഷം പോസ്റ്റര്‍ പ്രിന്റ് ചെയ്തു. കൂടാതെ 2500 ഫ്‌ലക്‌സ് ബോര്‍ഡുകളും തയ്യാറാക്കി വെച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ പാഴായിരിക്കുന്നു. ലക്ഷങ്ങള്‍ ചെലവിട്ടാണ് പോസ്റ്ററും ഫ്‌ലക്‌സും തയ്യാറാക്കിയത്. താന്‍ മത്സരിക്കാനാവശ്യമായ എല്ലാ പ്രചാരണ ഒരുക്കങ്ങളും നേരത്തെ തന്നെ ആരംഭിച്ചിരുന്നതായി വാഴയ്ക്കന്‍ പറയുന്നു. നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയും അദ്ദേഹം പരസ്യമാക്കി. തന്നെ മാറ്റുന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






