തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുക്കളാണ് പരാതി ഉയർത്തിയത്. തീപിടുത്തത്തിന് ശേഷമാണ് സനീഷിന്റെ ആരോഗ്യനില വഷളായതെന്ന് അവർ പറയുന്നു. ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നിലയും ഐസിയുവിലേക്ക് മാറ്റിയതിന് ശേഷമാണ് മോശമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മാർച്ച് 17-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഐസിയുവിലുണ്ടായിരുന്ന രോഗികളെയും സ്റ്റാഫിനെയും മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റിയിരുന്നു. തീപിടുത്തം നടന്ന ദിവസം ഉച്ചയ്ക്ക് 12.45-ന് കൃഷ്ണകുട്ടി മരിച്ചു. സനീഷ് മരിച്ചത് അടുത്ത ദിവസം രാവിലെയാണ്.
അതേസമയം, ആരോപണങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. രോഗികളെ കൃത്യമായി മറ്റ് ഐസിയുകളിലേക്ക് മാറ്റി പ്രവേശിപ്പിച്ചതായും തീപിടുത്തം മരണങ്ങൾക്ക് കാരണമല്ലെന്നും അധികൃതർ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചതെന്നും സംഭവവുമായി മരണങ്ങൾക്ക് ബന്ധമില്ലെന്നുമാണ് അവരുടെ വിശദീകരണം.






