തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി. കൂടുതൽ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉൾപ്പെടെയുള്ള മന്ത്രിമാരടക്കം ഇന്ന് പത്രിക സമർപ്പിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് തന്നെ പത്രിക നല്‍കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരന്‍, ആര്‍ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക സമർപ്പിക്കുക.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനും ഇന്ന് പത്രിക നൽകും. ധർമടം മണ്ഡലത്തിൽ സ്ഥാനാർത്ഥി പിണറായി വിജയൻ വ്യാഴാഴ്‌ച പത്രിക സമർപ്പിച്ചിരുന്നു. റോഡ് ഷോയും പ്രകടനകളും നടത്തിയാണ് പലരും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എത്തുന്നത്. മാർച്ച് 23 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പണത്തിന് അവസരമുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 നാണ്. മാർച്ച് 24 നാണ് സൂക്ഷ്മ പരിശോധനയും, ഏപ്രിൽ 9 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. മെ യ് 4 നാണ് വോട്ടെണ്ണൽ.






