ഹരിപ്പാട് നിയമസഭ മണ്ഡലം രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അത്ര എളുപ്പത്തിൽ വഴങ്ങുന്ന മണ്ഡലമല്ല. തീരദേശ ജീവിതങ്ങൾ, ക്ഷേത്ര കേന്ദ്രീകൃത സാമൂഹിക പശ്ചാത്തലത്തിനുമൊക്കെ മുൻഗണന നൽകുന്ന മണ്ഡലം കൂടിയാണ് ഹരിപ്പാട്. പ്രത്യയശാസ്ത്രപരമായ തരംഗങ്ങളേക്കാൾ ദൈനംദിന ജീവിതപ്രശ്നങ്ങൾക്കും വിശ്വാസത്തിനുമാണ് ഇവിടെ മുൻഗണന. അതായത് ഒരു മുന്നണിക്കും സ്ഥിരമായ ആധിപത്യം നൽകാത്ത രാഷ്ട്രീയ സ്വഭാവമാണ് ഹരിപ്പാടിനുള്ളത്.
ഹരിപ്പാടുളള ജനങ്ങൾ വോട്ട് ചെയ്യുന്നത് വളരെ ശ്രദ്ധയോടെയാണ് . ക്ഷേമപദ്ധതികളുടെ ലഭ്യത, നേതാക്കളുടെ നിരന്തരമായ സാന്നിധ്യം എന്നിവയൊക്കെ നോക്കിയാണ് എവിടെ ജനങ്ങൾ വിധി എഴുതുന്നത് എന്നാൽ മണ്ഡലത്തിലെ ജനങ്ങൾ മണ്ഡലത്തിൽ ഒരു മാറ്റം വേണം എന്ന് തീരുമാനിച്ചാൽ അത് വളരെ വ്യക്തമവുമായിരിക്കും. കടലിലെയും ഉൾനാടൻ ജലാശയങ്ങളിലെയും മത്സ്യബന്ധനം, കയർ മേഖല, കൃഷി എന്നിവയാണ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. തീരദേശത്തെ വോട്ടുകൾ ഇവിടുത്തെ രാഷ്ട്രീയത്തിൽ നിർണയമാകുന്നവയാണ്. മത്സ്യബന്ധന നിരോധന കാലയളവ്, ഇന്ധനവില, ഹാർബർ അടിസ്ഥാന സൗകര്യങ്ങൾ, നഷ്ടപരിഹാര തുക എന്നിവയിലെ അപാകതകൾ എന്നിവ രാഷ്ട്രീയ ചർച്ചകളിൽ പ്രധാനമാകാറുമുണ്ട് . ഉൾനാടൻ പ്രദേശങ്ങളിൽ നെൽകൃഷിയും തെങ്ങ് കൃഷിയും നേരിടുന്ന പ്രതിസന്ധികളും പ്രളയ നിയന്ത്രണവുമാണ് ഇവിടുത്തെ വോട്ടർമാരുടെ പ്രധാന ഉത്കണ്ഠകൾ.
മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളും ഇവിടെ നിർണ്ണായകമാണ്. ക്ഷേത്ര സമിതികളും സാമൂഹിക കൂട്ടായ്മകളും രാഷ്ട്രീയത്തിന് പുറമെ സമാന്തരമായ ഒരു ജനകീയ ഇടമായാണ് ഇവിടെ പ്രവർത്തിക്കുന്നത്. യുഎഡിഎഫിനെയും എൽഡിഎഫിനെയും മാറി മാറി പിന്തുണയ്ക്കുന്നതാണ് മണ്ഡലത്തിന്റെ ചരിത്രം. തങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളോട് മണ്ഡലം എപ്പോഴും കൂറ് പുലർത്തിയതാണ് ചരിത്രം. പുതുമുഖങ്ങൾക്ക് ഇവിടെ മത്സരിച്ച് ജയിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യവുമാണ് .






