വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ വൻ നഷ്ടപരിഹാര വിധി. യുഎസിൽ 2021-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ, ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സിനെതിരെ 22.5 മില്യൺ ഡോളർ (ഏകദേശം 211 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സിൽ ജോലി ചെയ്തിരുന്ന ചെൽസി വാൽഷിന്റെ പരാതിയിലാണ് വിധി. ഗർഭകാലം സങ്കീർണമായതിനാൽ, പ്രസവത്തിന് മുമ്പ് വീട്ടിൽ നിന്ന് ജോലി ചെയ്യാനും പ്രത്യേക വിശ്രമം പാലിക്കാനും ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ചെൽസി വർക്ക് ഫ്രം ഹോം അപേക്ഷ നൽകിയെങ്കിലും കമ്പനി അത് നിരസിച്ചു. ജോലിക്ക് ഹാജരാകുകയോ അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധി എടുക്കുകയോ ചെയ്യണമെന്ന് നിർദേശിക്കുകയും, അവധി എടുത്താൽ ആരോഗ്യ ഇൻഷുറൻസ് നഷ്ടപ്പെടുമെന്ന് അറിയിക്കുകയും ചെയ്തു.
ഇതിനാൽ ചെൽസി അവധി ഒഴിവാക്കി ജോലിയിൽ തുടർന്നു. ഫെബ്രുവരി 22-ന് അവർ ജോലിയിൽ പ്രവേശിച്ചു. എന്നാൽ രണ്ടു ദിവസത്തിനകം പ്രസവവേദന അനുഭവപ്പെട്ട് ഫെബ്രുവരി 24-ന് പെൺകുഞ്ഞിന് ജന്മം നൽകി. ‘മഗ്നോളിയ’ എന്ന് പേരിട്ട കുഞ്ഞ് ജനിച്ച് ഏകദേശം ഒന്നര മണിക്കൂറിനകം മരിച്ചു. യഥാർത്ഥ പ്രസവ തീയതിയേക്കാൾ 18 ആഴ്ച മുമ്പായിരുന്നു ജനനം.
പ്രസവവേദനയ്ക്ക് മണിക്കൂറുകൾ മുമ്പ് മാത്രമാണ് കമ്പനി വർക്ക് ഫ്രം ഹോം അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ചെൽസി കേസ് ഫയൽ ചെയ്തു.
ഒഹായോയിലെ ഹാമിൽട്ടൺ കൗണ്ടി കോടതി, ഉയർന്ന അപകടസാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കാതിരുന്നതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വൻ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.






