തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അംഗമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അവർ മത്സരിക്കുമെന്ന് അറിയിച്ചു. മുൻ വർക്കല ബ്ലോക്ക് പ്രസിഡന്റായിരുന്ന സ്മിത, നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഒറ്റൂർ ഡിവിഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് അവർ ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സിപിഎമ്മിലെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പറഞ്ഞു. പാർട്ടിയിൽ വ്യക്തി താൽപര്യങ്ങളും സ്വാർത്ഥതയും വളർന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളാണ് ബിജെപിയിലേക്ക് എത്താൻ പ്രചോദനമായതെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ, വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെതിരെ പ്രാദേശിക ബിജെപിയിൽ പ്രതിഷേധം ഉയർന്നിരുന്നു. സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ. എന്നാൽ ബിഡിജെഎസിന് സീറ്റ് നൽകിയതോടെ എതിർപ്പ് ശക്തമായി. പ്രാദേശിക നേതാവ് ആലംകോട് ദാനശീലൻ വിമത സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സ്ഥിതി മാറിയത്. തുടർന്ന് വർക്കല സീറ്റ് ബിജെപി ഏറ്റെടുക്കാൻ തീരുമാനമായി.






