ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരവും നിരുത്തരവാദപരവുമായ പരാമർശവുമായി പാക് മുൻ നയതന്ത്രജ്ഞൻ. അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ പാകിസ്ഥാൻ ദില്ലിയെയും മുംബൈയെയും ആക്രമിക്കും എന്നാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണറായിരുന്ന അബ്ദുൽ ബാസിത് പറഞ്ഞത്. പാകിസ്ഥാന്‍റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയെ തുറന്നുകാട്ടി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അബ്ദുൾ ബാസിതിന്റെ പ്രകോപനപരമായ പരാമർശം.
ഗബ്ബാർഡിന്‍റേത് പാക് വിരുദ്ധ വീക്ഷണമാണെന്ന് ബാസിത് പറഞ്ഞു “എല്ലാത്തിനുമുപരി അവർ ഇന്ത്യൻ വംശജയാണ്. ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്നും അബ്ദൾ ബാസിത് പറഞ്ഞു. പാകിസ്ഥാന് യുഎസുമായി ശക്തമായ ബന്ധമുണ്ടെന്നാണ് പാകിസ്ഥാനികൾ കരുതിയതെന്നും അത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ബാസിത് വിമർശിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വന്നതിനുശേഷം ചില കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ യുഎസ് ഒരിക്കലും പാകിസ്ഥാന്‍റെ തന്ത്രപരമായ പങ്കാളിയാകില്ലെന്ന് ഓർക്കണമെന്നും ബാസിത് പറഞ്ഞു.
ഇറാനിലെ സ്ഥിതി കൂടുതൽ വഷളാകുകയും ഇസ്രയേൽ നമ്മളിൽ കണ്ണുവയ്ക്കുകയും ചെയ്താൽ, യുഎസ് പാകിസ്ഥാനെ ആക്രമിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കരുത്, മുംബൈയെയും ദില്ലിയെയും ആക്രമിക്കണം. പിന്നീട് എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. യുഎസ് നമ്മെ ആക്രമിച്ചാൽ ഇന്ത്യയെ ആക്രമിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ലോകം അറിയണം. അത് നേരത്തെ ചെയ്തിട്ടുണ്ട്. ഞങ്ങൾ അത് ഇവിടെ നിന്ന് ചെയ്യും അബ്ദുൽ ബാസിത് കൂട്ടിച്ചേർത്തു




