മഞ്ചേശ്വരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ നിർണ്ണായക മണ്ഡലമായ മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ (അഷ്റഫ് കെ.എം) ആണ് പാർട്ടിക്ക് വേണ്ടി ജനവിധി തേടുന്നത്. ഇത്തവണ മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ കൂടി മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിയെ പരാജയപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്തം തങ്ങൾക്കുമാത്രമല്ലെന്നും മുന്നണികൾക്കും അതിൽ പങ്കുണ്ടെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാസിസ്റ്റ് വിരുദ്ധതയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഇരുമുന്നണികളും ചേർന്ന് ഒരു പൊതുസ്വതന്ത്രനെ നിർത്തുകയാണെങ്കിൽ പിന്തുണയ്ക്കാൻ തയ്യാറാണെന്നും, അല്ലാത്തപക്ഷം സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ എസ്.ഡി.പി.ഐ സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്താൻ മുസ്ലിം ലീഗിനെയായിരുന്നു എസ്.ഡി.പി.ഐ പിന്തുണച്ചിരുന്നത്. അന്ന് വെറും 859 വോട്ടുകൾക്കാണ് മുസ്ലിം ലീഗിലെ എ.കെ.എം അഷ്റഫ് വിജയിച്ചത്. മണ്ഡലത്തിൽ പതിനായിരത്തിലധികം വോട്ടുകൾ സ്വാധീനമുള്ള എസ്.ഡി.പി.ഐ ഇത്തവണ നേരിട്ട് മത്സരിക്കുന്നത് മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ബിജെപിക്ക് മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാൻ അവസരമൊരുക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.






