ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. കോടികള്‍ കടം വാങ്ങി വഞ്ചിച്ചെന്നാണ് നിര്‍മ്മാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ദുബൈ വ്യവസായി സുനിൽ അഗർവാൾ ആണ് സാമ്പത്തിക തട്ടിപ്പില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയിൽ ദുബൈയില്‍ അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പ്രതികൾക്കെതിരെ കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. ഹർജി തീർപ്പാക്കുന്നത് വരെ പള്ളിച്ചട്ടമ്പി സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യം ഉന്നയിച്ചു. അതേസമയം നൗഫൽ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും നോട്ടീസ് അയച്ചിട്ടുണ്ട് ഹൈക്കോടതി അറിയിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
ഇന്നലെയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു ചിത്രം. അതിനിടയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പം വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.






