ടെഹ്റാൻ: യുഎസുമായി സന്ധി ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പരമോന്നത നേതാവ് മൊജ്താബ ഖാംനേയി ചര്‍ച്ചയ്ക്ക് സമ്മതിച്ചതായും ഒരു കരാറിലെത്താന്‍ ഇറാന്‍ സന്നദ്ധമാണെന്നും ഇസ്രായേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി നേരത്തെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പ്രധാന വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നും തന്റെ മരുമകന്‍ ജാരഡ് കുഷ്നറും ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതായും ട്രംപ് പറഞ്ഞു.
ഇതിന് മുമ്പ് 48 മണിക്കൂറിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. അതില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ ഹോര്‍മൂസ് വിട്ടുനല്‍കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനിന്നു.
പിന്നീട് നിലപാട് മാറ്റിയ ട്രംപ്, സംഘര്‍ഷത്തിന് സമ്പൂര്‍ണ പരിഹാരം കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്ന് വ്യക്തമാക്കി. ഹോര്‍മൂസ് തുറക്കാന്‍ ഇറാന് അഞ്ചുദിവസത്തെ അധികസമയം അനുവദിച്ചതായും അറിയിച്ചു.
യുദ്ധാവസ്ഥയ്ക്ക് വിരാമമുണ്ടായാല്‍ ഹോര്‍മൂസ് കടലിടുക്ക് ലോകത്തിനായി തുറന്നുകൊടുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ചാലും കടലിടുക്കിലെ സ്ഥിതി പഴയ നിലയിലേക്ക് മടങ്ങില്ലെന്ന് ഇറാന്‍ നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു.






