തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രിവരെ എത്താം. ഇത് സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടുതലാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് (UV) സൂചികയാണ് രേഖപ്പെടുത്തിയത്. ഇത് കൂടുതൽ നേരം ശരീരത്തിൽ പതിക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, കണ്ണ് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
പകൽ 10 മണി മുതൽ 3 മണിവരെ UV കിരണങ്ങൾ ഏറ്റവും ശക്തമാണ്. ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. പുറത്തുപണി ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, രോഗപ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും നല്ലതാണ്. യാത്രയ്ക്കിടെ തണലിൽ വിശ്രമിക്കാൻ ശ്രദ്ധിക്കണം. മലയോര പ്രദേശങ്ങളിലും കടൽത്തീരങ്ങളിലും UV കിരണങ്ങൾ കൂടുതൽ ശക്തമായിരിക്കും. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.




