ന്യൂഡൽഹി: ദീർഘകാലമായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ കെട്ടിടം ഒഴിയാൻ കേന്ദ്രം നോട്ടീസ് നൽകി. 1978 മുതൽ പാർട്ടി ഓഫീസായി ഉപയോഗിച്ചുവരുന്ന ഈ കെട്ടിടം ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നടപടി. റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 28നകം രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കൽ ഉണ്ടാകുമെന്ന ആശങ്കയിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ നടപടിയാണെന്നും നോട്ടിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.
ഐടിഒയ്ക്ക് സമീപമുള്ള ‘ഇന്ദിരാ ഭവൻ’ എന്ന പുതിയ ആസ്ഥാനത്തേക്ക് കോൺഗ്രസ് നേരത്തെ മാറിയിരുന്നെങ്കിലും അക്ബർ റോഡിലെ ഓഫീസ് ഇപ്പോഴും നിലനിൽക്കുകയാണ്. ചരിത്രപരമായി പ്രാധാന്യമുള്ള കെട്ടിടം നിലനിർത്തണമെന്ന് പാർട്ടി ആഗ്രഹിക്കുന്നു. അക്ബർ റോഡിലെ ബംഗ്ലാവിന് വിപണി നിരക്കിൽ വാടക നൽകുന്നുണ്ടെന്നും പാർട്ടി ഭാരവാഹികൾ വ്യക്തമാക്കി. രണ്ട് ഓഫീസുകളും തുടരാനാണ് കോൺഗ്രസിന്റെ ശ്രമം.




