ശിവമോഗ: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മരിച്ച മൃഗ ഡോക്ടറുടെ പേര് ആദരസൂചകമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കര്‍ണാടക മൃഗശാല അധികൃതര്‍. ബന്നേര്‍ഘട്ടാ ബയോളജിക്കല്‍ പാര്‍ക്കിലെ കുട്ടിയാനയ്ക്കാണ് ഡോക്ടർ സമീക്ഷ റെഡ്ഢിയുടെ പേര് നൽകുന്നത് . സമീക്ഷയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സര്‍ക്കാര്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട് നൽകണമെന്നും ആവശ്യപെട്ടിട്ടുണ്ട്. ശിവമോഗ സര്‍ക്കിള്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്‌സ് ഹനുമന്തപ്പ ശിവമോഗ മൃഗശാലയില്‍ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടര്‍ മരിച്ചത്. തവരേകോപ്പാ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായ ഡോക്ടറായിരുന്നു സമീക്ഷ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30ന് ഒരു സണ്‍ കൊനൂര്‍ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗര്‍ഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതിനിടെയാണ് ആക്രമണം ഉണ്ടായത്.






