വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇറാനോട് 15 നിർദേശങ്ങൾ മുന്നോട്ടുവെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യണമെന്നതാണ് പ്രധാന നിർദേശങ്ങൾ. ചർച്ചകൾക്ക് വഴിയൊരുക്കാൻ ഒരു മാസത്തെ വെടിനിർത്തലിനും യുഎസ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശങ്ങൾ ഇറാൻ അംഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ഇറാന്റെ ആണവശേഷിയും ബന്ധപ്പെട്ട സൈനിക സംവിധാനങ്ങളും നിയന്ത്രിക്കണമെന്ന നിർദേശവും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് പകരമായി ഇറാന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഭാഗികമായി പിൻവലിക്കാമെന്നും യുഎസ് പറയുന്നു.
ഇറാനു പുറത്തുള്ള, യുഎൻ മേൽനോട്ടത്തിലുള്ള സിവിലിയൻ ആണവ പദ്ധതി, സാമ്പത്തിക സഹകരണം എന്നിവയിലൂടെ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താമെന്ന വാഗ്ദാനവും യുഎസ് നൽകിയിട്ടുണ്ട്. അതേസമയം, യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ യുദ്ധം തുടരണമെന്ന നിലപാടിലാണ്. വെടിനിർത്തൽ നിർദേശത്തെക്കുറിച്ച് ഇസ്രയേൽ അമ്പരന്നതായി റിപ്പോർട്ടുകൾ പറയുന്നു.






