കോഴിക്കോട്: ബീച്ചില്‍ നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തില്ല. പകരം ദേശിയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. ഇന്നലെ രാത്രിയില്‍ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഇന്ന് വരില്ലെന്ന് അറിയിച്ചത്.
ഇന്നു വൈകിട്ട് 4.30ന് കോഴിക്കോട്ടെ കടപ്പുറത്തെ മഹാറാലിയിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുകയെന്ന് അറിയിച്ചിരുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി നടക്കുക. സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ അടങ്ങിയ ഗ്യാരണ്ടി കാര്‍ഡും റാലിയില്‍ അവതരിപ്പിക്കും. യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിനു തയാറാക്കിയ ബസും ഫ്‌ലാഗ് ഓഫ് ചെയ്യും. രാഹുല്‍ ഗാന്ധിക്ക് പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിപാടി ഉദ്ഘാടനം ചെയ്യും.
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.






