പട്‌ന: ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ജീവനുള്ള പുഴുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ കർശന നടപടി സ്വീകരിച്ചു. സംഭവം ചോദ്യം ചെയ്ത യാത്രക്കാരനോട് ജീവനക്കാർ അത് “കുങ്കുമപ്പൂവ്” ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് റെയിൽവേ മന്ത്രാലയം ഇടപെട്ടത്.
സംഭവത്തിൽ ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഭക്ഷണ വിതരണം നടത്തിയ സർവീസ് പ്രൊവൈഡറിന് 50 ലക്ഷം രൂപ പിഴയും കരാർ റദ്ദാക്കാനും ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷയും ഭക്ഷണത്തിന്റെ ഗുണനിലവാരവുമാണ് മുൻഗണനയെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
‘ട്രാവൽ സ്കിപ്പേഴ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നത്. യാത്രക്കാരൻ തൈരിൽ പുഴുക്കൾ കാണിച്ചപ്പോൾ ജീവനക്കാരൻ അത് കുങ്കുമപ്പൂവാണെന്ന് പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ തൈര് പാക്കറ്റ് കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. മറ്റു ഭക്ഷണങ്ങളിലും പുഴുക്കൾ ഉണ്ടായിരുന്നതായി വീഡിയോയിൽ കാണിക്കുന്നു. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന പരിശോധന വേണമെന്നും, പിഴത്തുക ബാധിത യാത്രക്കാരന് നഷ്ടപരിഹാരമായി നൽകണമെന്നും പലരും ആവശ്യപ്പെട്ടു.






