ന്യൂഡൽഹി: പാർലമെന്റിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു നിലപാട് വ്യക്തമാക്കി. ഭരണഘടനാപരമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും മര്യാദ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് നെറ്റ് വർക്ക് ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് റിജിജു പ്രതികരിച്ചത്. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഒരു നിശ്ചിത രീതിയിൽ പെരുമാറണം എന്നും മാന്യമായ വസ്ത്രധാരണം അതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടീ-ഷർട്ട് പോലുള്ള സാധാരണ വസ്ത്രങ്ങൾ ഔപചാരിക വേദികളിൽ ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളിൽ ആരും എന്ത് ധരിക്കണമെന്നതിൽ അഭിപ്രായമില്ലെങ്കിലും, പാർലമെന്റിൽ അതത് സ്ഥാനത്തിന് അനുയോജ്യമായ രീതിയിലായിരിക്കണം വേഷമെന്നും റിജിജു കൂട്ടിച്ചേർത്തു.
മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി, സ്ഥാനമേറ്റ ശേഷം വസ്ത്രധാരണത്തിൽ അദ്ദേഹം മാറ്റം വരുത്തിയതായും റിജിജു പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് കൂടുതൽ പക്വത ആവശ്യമാണ് എന്നും, ആ നിലയിൽ മെച്ചപ്പെട്ട പെരുമാറ്റവും വസ്ത്രധാരണവും വേണമെന്നുമാണ് റിജിജുവിന്റെ അഭിപ്രായം.





