ബോസ്റ്റൺ: ലോകകപ്പിന് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് മുന്നിൽ മുട്ടുകുത്തി ബ്രസീൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. കിലിയൻ എംബാപ്പെ, ഹ്യൂഗോ എകിറ്റികെ എന്നിവരാണ് ഫ്രാൻസിനായി വല കുലുക്കിയത്. 78-ാം മിനിറ്റിൽ ബ്രെമർ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടി.
പതിനൊന്ന് വർഷത്തിനുശേഷമാണ് ബ്രസീലും ഫ്രാൻസും മുഖാമുഖം ഏറ്റുമുട്ടിയത്. അമേരിക്കയിലെ ബോസ്റ്റൺ ഗില്ലെറ്റ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയിലൂടെയാണ് ഫ്രാൻസ് ലീഡ് നേടിയത്. 32-ാം മിനിറ്റിൽ ഉസ്‌മാൻ ഡെംബെലെ നൽകിയ പാസുമായി മുന്നേറിയ എംബാപ്പെ, ബ്രസീൽ ഗോൾകീപ്പറുടെ തലയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു. അവസാന 35 മിനിറ്റ് 10 പേരുമായാണ് ഫ്രാൻസിന് കളിക്കേണ്ടി വന്നത്. ഒരാൾ കുറഞ്ഞെങ്കിലും ലിവർപൂൾ താരം ഹ്യൂഗോ എകിറ്റികെ ഫ്രാൻസ് ലീഡ് കൂട്ടി.
അതേസമയം ഫ്രാൻസിനായുള്ള ഗോൾ വേട്ടയിൽ എംബാപ്പെ കുതിക്കുകയാണ്. രാജ്യത്തിനായി 95-ാം മത്സരത്തിനിറങ്ങിയ എംബാപ്പെ 56 ഗോളുകൾ നേടി. 137 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ നേടിയ ഒലിവീർ ജിറൂഡ് മാത്രമാണ് ഇനി എംബാപ്പെക്ക് മുന്നിലുള്ളത്.




