കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാനാർഥി നിർണ്ണയത്തിൽ ജമാഅത്തെ ഇസ്‌ലാമി ഇടപെട്ടു എന്ന എളമരം കരീമിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി ഡോ. എം.കെ. മുനീർ. ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ തന്നെ മാറ്റിനിർത്താൻ കഴിയില്ലെന്നും ആരുടെയും ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീഗ് എന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗിന്റെ കരുത്തനായ നേതാവായ മുനീറിന് ഇത്തവണ സീറ്റ് നൽകാതിരുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മർദ്ദം മൂലമാണെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിന്റെ ആരോപണം. രാഷ്ട്രീയ ഇസ്‌ലാമിനോടും ജമാഅത്തെ ഇസ്‌ലാമിയോടും മുനീർ പുലർത്തുന്ന ആശയപരമായ വിയോജിപ്പാണ് ഇതിന് കാരണമെന്നും, ഇത് ലീഗ് നേതൃത്വത്തിന് അസംതൃപ്തി ഉണ്ടാക്കിയെന്നും കരീം കോഴിക്കോട്ട് പറഞ്ഞു. മുനീറിനെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എളമരം കരീമിന്റെ ആക്ഷേപം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് മുനീർ പ്രതികരിച്ചു. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ പിടിയിലല്ല. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ്, പുറത്തുള്ള സംഘടനകളല്ല. ജമാഅത്തെ ഇസ്‌ലാമി മുന്നണിയുടെ ഭാഗമല്ലെന്നും അവർക്ക് ആരെയും പിന്തുണയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ച് സംസാരിക്കവെ എളമരം കരീം കോൺഗ്രസിനെയും വിമർശിച്ചു. മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം വിലകുറഞ്ഞതാണെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അനാവശ്യ പ്രസ്താവനകളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലെ 13 മണ്ഡലങ്ങളിലും എൽഡിഎഫ് പ്രചാരണം സജീവമാണെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ ഉടൻ നടക്കുമെന്നും കരീം അറിയിച്ചു.




