കൊല്ലം: നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന്റെ സമീപത്ത് ലോട്ടറി വിൽപ്പനക്കാരനെ അജ്ഞാതൻ ശ്വാസം മുട്ടിച്ചും ഇടിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാർക്ക് ഞെട്ടൽ മാറിയിട്ടില്ല. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിലെ പത്മവിലാസത്തിൽ രാജേന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
പണവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്നതാണ് പ്രാഥമിക നിഗമനം. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്കുള്ള റോഡിൽ കാർ എസി വർക്ക്‌ഷോപ്പിന് മുന്നിലാണ് ഞായറാഴ്ച രാത്രി 12.45ഓടെ കൊലപാതകം നടന്നത്.
വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്ന രാജേന്ദ്രൻ കഴിഞ്ഞ ഒരു മാസമായി വർക്ക്‌ഷോപ്പിന് മുന്നിലാണ് രാത്രി തങ്ങിക്കൊണ്ടിരുന്നത്. കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടരുന്നു.






