പാലക്കാട്: കാൽ നൂറ്റാണ്ടിലേറെയായി വയറ്റിൽ വലിയ മുഴയുമായി ജീവിച്ചിരുന്ന 69 വയസ്സുകാരി കമലാവതിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി കോട്ടത്തറ ട്രൈബൽ താലൂക് സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെഡിക്കൽ സംഘം.
‘കൊളോണിക് മെസന്ററിക് സിസ്റ്റ്’ എന്ന അപൂർവ രോഗാവസ്ഥയെ തുടർന്ന് വയറ്റിൽ വളർന്ന വൻ മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. സർജൻ ഡോ മിഥുന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കമലാവതി ആരോഗ്യനില മെച്ചപ്പെട്ട് സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
അനസ്തേഷ്യ വിഭാഗം ഡോ. രാഹുൽ, ഡോ. വർഷ എന്നിവർ കൈകാര്യം ചെയ്തു. നഴ്സിംഗ് ഓഫീസർമാർ, ടെക്നീഷ്യന്മാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരും ശസ്ത്രക്രിയ സംഘത്തിന്റെ ഭാഗമായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മെഡിക്കൽ സംഘത്തെ ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ അഭിനന്ദിച്ചു.






