കൊല്ലം: ജാമ്യത്തിനായി ആവശ്യമായ കരം ഒടുക്കിയ രസീത് നൽകാത്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. സതീശനെയാണ് (55) കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ രമ (47)യ്ക്കുനേരെയായിരുന്നു ആക്രമണം.
പോലീസ് കേസിൽ ജാമ്യം ലഭിക്കുന്നതിനായി രമയെ ആൾജാമ്യത്തിന് നിർബന്ധിക്കുകയും, കരം അടച്ചതിന്റെ രസീത് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളത്ത് ജോലിക്കായിരുന്ന ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് സംഭവം.
ജാമ്യത്തിന് തയ്യാറാകാതിരുന്നതിനെ തുടർന്ന് പെൺമക്കളുടെ മുന്നിൽവെച്ച് വീട്ടിലെ കറി കത്തി ഉപയോഗിച്ച് രമയുടെ വയറ്റിൽ കുത്തുകയായിരുന്നുവെന്നാണ് ആരോപണം.
ഗുരുതരമായി പരിക്കേറ്റ രമയെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെ വീട്ടിനുസമീപത്ത് നിന്ന് പൊലീസ് പിടികൂടി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.






