ഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. വീട്ടുമാലിന്യം ഉൾപ്പെടെ ഇനി മുതൽ നാല് വിഭാഗങ്ങളാക്കി തരംതിരിച്ചാണ് സംസ്കരിക്കേണ്ടത്. ഇതനുസരിച്ച് ഹരിതകർമസേനയുടെ പ്രവർത്തനത്തിലും മാറ്റം വരും. മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ ഏപ്രിൽ 1 മുതൽ പ്രവർത്തനം ആരംഭിക്കും.
മാലിന്യങ്ങളെ നാല് വിഭാഗങ്ങളായി വേർതിരിക്കണം. ഒന്നാമത് ജൈവ മാലിന്യം — ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും. രണ്ടാമത് അജൈവ മാലിന്യം — പ്ലാസ്റ്റിക്, ലോഹം, ഗ്ലാസ്, റബ്ബർ എന്നിവ. മൂന്നാമത്തെ വിഭാഗം ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ തുടങ്ങിയവയാണ്.
നാലാമത്തെ വിഭാഗം പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങളാണ്. പെയിന്റ് കാനുകൾ, ബൾബുകൾ, മരുന്നുകൾ, ബാറ്ററികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.






