ബെംഗളൂരു: ബെംഗളൂരു പിഇഎസ് സർവകലാശാലയിൽ മുസ്ലിം വിദ്യാർത്ഥിയെ അധ്യാപകൻ ‘തീവ്രവാദി’ എന്ന് വിളിച്ചതിനെ തുടർന്ന് വിവാദം ശക്തമാകുന്നു. ക്ലാസ് എടുക്കുന്നതിനിടെ പ്രൊഫസർ ഡോ. മുരളീധർ ദേശ്പാണ്ഡെ ആണ് അഫാൻ എന്ന വിദ്യാർത്ഥിയ്ക്കെതിരെ ആക്രോശിച്ച് അധിക്ഷേപം നടത്തിയതായതയാണ് ആരോപണം.
ക്ലാസിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവാദം ചോദിച്ചപ്പോഴായിരുന്നു വിവാദപരമായ പരാമർശം. സംഭവത്തിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പകർത്തിയ വീഡിയോയിൽ അധ്യാപകൻ വിദ്യാർത്ഥിയോട് ആക്രോശിക്കുന്നതും കാണാം.
‘നാണമില്ലേ… ഇന്ന് ഞാൻ ശാന്തമായി ക്ലാസ് എടുക്കണമെന്നായിരുന്നു വിചാരിച്ചത്…’ എന്നിങ്ങനെ ആരംഭിച്ച അധ്യാപകന്റെ പരാമർശങ്ങൾ പിന്നീട് കൂടുതൽ കടുത്തതായിത്തീർന്നു. ‘നിങ്ങളെ പോലുള്ളവരാണ് ഇറാൻ യുദ്ധത്തിന് കാരണമായത്. ട്രംപ് നിങ്ങളെയെല്ലാം ഇവിടെ നിന്ന് പുറത്താക്കും. നിങ്ങൾ വിഡ്ഢികളാണ്, തീവ്രവാദി, നരകത്തിൽ പോകും’ എന്നിങ്ങനെയാണ് ആരോപിക്കപ്പെടുന്ന അധിക്ഷേപം.




